Flash News

' അരയി ഗവ.യുപി സ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള കാഞ്ഞങ്ങാട് നഗരസഭയുടെ പദ്ധതിക്ക് തുടക്കമായി. നഗരസഭ ബജറ്റില്‍ അരയി ഗവ.യുപി സ്കൂള്‍, മേലാങ്കോട്ട് എ.സി.കണ്ണന്‍നായര്‍ ഗവ.യുപി സ്കൂള്‍ എന്നീ രണ്ട് വിദ്യാലയങ്ങളെയാണ് ഇന്‍റര്‍നാഷണല്‍ വിദ്യാലയങ്ങളായി ഉയര്‍ത്താന്‍ നിര്‍ദ്ദേശിച്ചത്. അരയിയുടെ മികവിന് പത്തരമാറ്റ് തിളക്കം...ചന്തേര ബി.ആര്‍.സിയില്‍ വച്ച് നടന്ന ജില്ലാതല മികവുത്സവത്തില്‍ അരയിക്ക് ഒന്നാം സ്ഥാനം... ഹോസ്ദുര്‍ഗ് ഉപജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയത്തിനുള്ള പുരസ്ക്കാരം നഗരസഭാചെയര്‍മാന്‍ വി.വി.രമേശന്‍ അരയി ഗവ.യു.പി.സ്ക്കൂളിന് സമ്മാനിച്ചു.. ശിശുസൗഹൃദവും പരിസ്ഥിതി സൗഹൃദവുമായ വിദ്യാലയ വികസനമാണ് അവാര്‍ഡിന് അര്‍ഹമാക്കിയത്... പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ ജീവന്‍ ബലിയര്‍പ്പിച്ച ധീരജവാന്‍ നിരഞ്ജന് പ്രണാമമര്‍പ്പിച്ച് സൗജന്യ നേത്ര പരിശോധനാ ക്യാമ്പ്. .

2016, ഡിസംബർ 30, വെള്ളിയാഴ്‌ച

ഹ്രസ്വചലച്ചിത്രോത്സവം

അരയിയിൽ ഹ്രസ്വചലച്ചിത്രോത്സവം
: അരയി ഗവ.യു.പി.സ്കൂളിൽഹ്രസ്വചലച്ചിത്രോത്സവം. സ്കൂൾ ഫിലിം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന പരിപാടിയിൽ നാട്ടുകാരും പങ്കെടുത്തു.
,
പ്രദർശനത്തോടൊപ്പം സിനിമാ ചർച്ചയും നടന്നു. സ്കൂൾ അധ്യാപകനും ചലച്ചിത്ര നിരൂപകനുമായ പ്രകാശൻ കരിവെള്ളൂർ നേതൃത്വം നൽകി. മീൽസ് റെഡി,കേള്‍ക്കുന്നുണ്ടോ, തോർത്ത്, ടീത്ത്,ഏൻ ഓൾ ക്രീക്ക് ബ്രിഡ്ജ്, വാട് ഈസ്  ദാറ്റ്, സർക്കസ് എന്നീ ചിത്രങ്ങൾ പ്രദർശിപ്പിച്ചു. രാവിലെ 9 മണി തൊട്ട് മൂന്നു മണി വരെയാണ് പ്രദർശനം.

2016, ഡിസംബർ 10, ശനിയാഴ്‌ച

ഹരിതകേരളാമിഷന്‍ 2016..

ഹരിതകേരളാമിഷന്‍
 2016ഡിസംബര്‍ 8

പ്രധാനപ്രവര്‍ത്തനങ്ങള്‍
.എന്റെ മഷിപ്പേന
.സ്ക്കൂള്‍ പരിസരത്തെ പ്ലാസ്റ്റിക്ക് വിമുക്തമാക്കല്‍
.വീടുകളിലെ മാലിന്യങ്ങള്‍ ജൈവം അജൈവം അപകടകാരികള്‍ ​​എന്നിങ്ങനെ വേര്‍ തിരിച്ച് ശേഖരിക്കല്‍..
ബോധവത്ക്കരണ ക്ലാസ്സുകള്‍ 
.പ്രതിജ്ഞ
.ജലസംരക്ഷണ ക്ലാസ്
.പോസ്റ്റര്‍ നിര്‍മ്മാണം. ഇവ ഉപയോഗിച്ച് ഹരിതപദയാത്ര
.ജൈവപച്ചക്കറികൃഷി

2016, നവംബർ 13, ഞായറാഴ്‌ച

കളിക്കാം രസിക്കാം ..കളിപ്പെട്ടി

കളിക്കാം രസിക്കാം ..കളിപ്പെട്ടി.
ഒന്നാംതരത്തിലെ കളിപ്പെട്ടി ...ICTക്ലാസ്സില്‍നിന്ന്.

ബൈനോക്കുലര്‍ മാതൃകകള്‍

അഞ്ചാംതരത്തിലെ ബൈനോക്കുലര്‍ മാതൃകകള്‍


language of birds..origami works

language of birds..origami works

ഒന്നാംതരത്തിലെ പലഹാരപ്പൊലിമ

ഒന്നാംതരത്തിലെ പലഹാരപ്പൊലിമ
ന്നായി വളരാന്‍ എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് നടത്തിയ പ്രദര്‍ശനം

2016, ഒക്‌ടോബർ 3, തിങ്കളാഴ്‌ച

ജന്മനക്ഷത്ര മരം നട്ട് അരയി സ്കൂൾ ഗാന്ധി സ്മരണ പുതുക്കി

ജന്മനക്ഷത്ര മരം നട്ട് അരയി സ്കൂൾ ഗാന്ധി സ്മരണ പുതുക്കി
രാഷ്ട്രപിതാവ് മഹാത്മജിയുടെ ജന്മനക്ഷത്ര വൃക്ഷമായ നാഗപൂമരം നട്ട് അരയി ഗവ.യു.പി.സ്കൂളിൽ ഗാന്ധിജി അനുസ്മരണം.. ആയില്യമാണ്  മഹാത്മജിയുടെ ജന്മനക്ഷത്രം. സ്കൂൾ ഹരിതസേനയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ പ്രശസ്ത പരിസ്ഥിതി പ്രവർത്തകനും കടലാമ സംരക്ഷണസേന- നെയ്തലിന്റെ സെക്രട്ടറിയുമായ പ്രവീൺ തൈക്കടപ്പുറം സ്കൂൾ മുറ്റത്ത്  നാഗപൂമരത്തിന്റെ തൈ നട്ടു. കുട്ടികൾ വൃക്ഷ സംരക്ഷണ പ്രതിജ്ഞ ചൊല്ലി. പരിസ്ഥിതി പ്രവർത്തകൻ ദിവാകരൻ തൈക്കടപ്പുറത്തിന്റെ നഴ്സറിയിൽ നിന്നും കൊണ്ടുവന്ന നൂറോളം വൃക്ഷത്തൈകൾ കുട്ടികൾക്ക് വിതരണം ചെയ്തു.. പ്രഥമാധ്യാപകൻ കൊടക്കാട് നാരായണൻ അധ്യക്ഷത വഹിച്ചു.      കെ.വി.സൈജു, കെ പി .കണ്ണൻ.പി.ബിന്ദു, സ്കൂൾ ലീഡർ പി.മിഥുൻ രാജ് പ്രസംഗിച്ചു.


ശാന്തിമന്ത്രം ചൊല്ലി അരയി സ്കൂളിൽ സൈനികർക്ക് പ്രണാമം

ശാന്തിമന്ത്രം ചൊല്ലി അരയി സ്കൂളിൽ സൈനികർക്ക് പ്രണാമം
: "ഓം സഹനാവവതു സഹനൗ ഭുനക്തു, സഹവീര്യം കരവാവഹൈ, ഓം ശാന്തിഃ ശാന്തിഃ
ശാന്തിഃ " .

ഒരുമിച്ച് രക്ഷിക്കപ്പെടാനും ഒരുമിച്ച് വിദ്യ അനുഭവിക്കാനും
അന്യോന്യം സഹകരിച്ച് പ്രവർത്തിക്കാനും ഉള്ള സാഹചര്യം പുലരാൻ അരയി
ഗവ.യു.പി.സ്കൂളിൽ കുട്ടികൾ ശാന്തിമന്ത്രം ചൊല്ലി.
ഉറി ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികർക്ക് പ്രണാമമർപ്പിച്ച് കൊണ്ട്
നടത്തിയ ഗാന്ധി ജയന്തി ദിനാചരണത്തിലാണ്  വേദമന്ത്രങ്ങൾ ഉരുവിട്ട് ശാരീരികവും
മാനസികവുമായ ശാന്തിക്കായി പ്രാർഥന നടത്തിയത്.ഇരുപത് സൈനികരെ അനുസ്മരിച്ച്
ഇരുപത് മൺചിരാതുകളിൽ തിരി തെളിച്ച് കുട്ടികൾ പുപ്പാർച്ചന നടത്തി.പ്രഥമാധ്യാപകൻ
കൊടക്കാട് നാരായണൻ ഉദ്ഘാടനം ചെയ്തു. പ്രകാശൻ കരിവെള്ളൂർ ഗാന്ധിജി അനുസ്മരണ
പ്രഭാഷണം നടത്തി.കെ.വി.സൈജു, പി.ബിന്ദു, സ്കൂൾ ലീഡർ പി.മിഥുൻ രാജ് പ്രസംഗിച്ചു.

അരയി ഗ്രാമത്തിന് അഭിമാനമായി അഭിരാം

അരയി ഗ്രാമത്തിന് അഭിമാനമായി അഭിരാം
ദേശീയ തെയ്ക്കോണ്ടോ മേളയിൽ മാറ്റുരക്കും
  അരയി ഗവ.യു.പി.സ്കൂളിലെ ഏഴാം തരം വിദ്യാർഥി പി.പി.അഭിരാം ദേശീയ തെയ്ക്കോണ്ടോ മേളയിലേക്ക് യോഗ്യത നേടി അരയി ഗ്രാമത്തിന് അഭിമാനമായി. കോട്ടയത്തു വെച്ചു നടന്ന വാശിയേറിയ  സംസ്ഥാന സ്കൂൾ തെയ്ക്കോണ്ടോ ഗെയിംസ് മത്സരത്തിൽ സബ് ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയാണ് ദേശീയ മേളയിലേക്ക് തെരെഞ്ഞെടുത്തത്. സബ് ജില്ല, ജില്ലാ മത്സരങ്ങളിലും ഒന്നാം സ്ഥാനം നേടിയിരുന്നു.  കാഞ്ഞങ്ങാട്ടെ  ബി.ഐ. പ്രകാശാണ് പരിശീലകൻ. മടിക്കൈ കണ്ടംകുട്ടി ചാലിലെ മാർബിൾ തൊഴിലാളി പി.പി.രാജേഷിന്റെയും പി.പി. ബിന്ദുവിന്റെയും മകനാണ്.
  ദേശീയ തെയ്ക്കോണ്ടോ മത്സരത്തിലേക്ക് യോഗ്യത നേടിയ പി.പി.അഭിരാം

2016, സെപ്റ്റംബർ 8, വ്യാഴാഴ്‌ച

ധീരത കാട്ടിയ കുട്ടികൾക്ക് അരയി ഗ്രാമത്തിന്റെ അവാർഡ്.

ധീരത കാട്ടിയ കുട്ടികൾക്ക് അരയി ഗ്രാമത്തിന്റെ അവാർഡ്.
അച്ചാംതുരുത്തിയിലെ ആകാശ്, അക്ഷയ്, ജിതിൻ ബാബു എന്നീ കുട്ടികളെയാണ് അധ്യാപക ദിനത്തിൽ ആദരിച്ചത്
പാഠപുസ്തകങ്ങളിൽ നിന്ന് സ്വന്തമാക്കിയ സ്നേഹത്തിന്റെ നല്ല പാഠം ജീവിതത്തിൽ പ്രവർത്തിച്ചു കാണിച്ച കുട്ടികളെ  അരയി ഗ്രാമം  ധീരതയ്ക്കുള്ള അവാർഡ് നൽകി ആദരിച്ചു. മികച്ച അധ്യാപകർ രാഷ്ട്രപതിയിൽ നിന്ന് അവാർഡ് സ്വീകരിക്കുന്ന സമയത്തു തന്നെയാണ്  കുട്ടികൾക്കും മുതിർന്നവർക്കും മനുഷ്യത്വത്തിന്റെ ജൈവ പാഠം പകർന്ന  മൂന്നു ബാലാധ്യാപകരെ വിദ്യാലയത്തിലേക്ക് വിളിച്ചു വരുത്തി അരയി ഗവ.യു.പി. സ്കൂൾ  അനുമോദിച്ചത്.
കുളത്തിന്റെ ആഴങ്ങളിലേക്ക് മുങ്ങിത്താഴുന്ന നാലാം ക്ലാസുകാരനായ ഹേമന്തിനെ  രക്ഷപ്പെടുത്തിയതിലൂടെയാണ് അച്ചാംതുരുത്തി രാജാസ് എ.യു.പി.സ്കൂളിലെ അഞ്ചാം ക്ലാസുകാരൻ ആകാശ്, ആറാം ക്ലാസുകാരൻ, അക്ഷയ്, ഏഴാം ക്ലാസുകാരൻ ജിതിൻ ബാബു എന്നീ കുട്ടികൾ നാടിന്റെ സ്നേഹഭാജനങ്ങളായത്.കാരി എ .എൽ .പി സ്കൂൾ വിദ്യാർഥികളായ ആരോമലും ഹേമന്തും കുളത്തിൽ നീന്തി കളിക്കുന്നതിനിടയിൽ ഹേമന്തിനെ പെട്ടെന്ന് കാണാതാവുകയായിരുന്നു. ഒന്നാം ക്ലാസുകാരനായ  ആരോമലിന്റെ നിലവിളി കേട്ട് ദൈവദൂതരെ പോലെ ഓടി എത്തിയ മൂവരും കുമിള കണ്ട ഭാഗത്തേക്ക് എടുത്തു ചാടുകയായിരുന്നു. ഹേമന്തിന്റെ തലമുടിയിൽ ബലമായി പിടിച്ച് കരക്ക് എത്തിച്ചതിനു ശേഷം കുട്ടികൾ തന്നെ കൃത്രിമ ശ്വാസവും പ്രഥമ ശുശ്രൂഷയും നൽകിയ ശേഷമാണ് നാട്ടുകാരെത്തി ആശുപത്രിയിൽ കൊണ്ടു പോകുന്നത്.
അരയി ഗവ.യു.പി.സ്കൂളിൽ ഒരുക്കിയ കളർ ചോക്ക് എന്ന പരിപാടിയിലാണ് അപൂർവമായ ധീരതയിലൂടെ നാടിന് മാതൃകയായ കുട്ടികൾക്ക് പുരസ്കാരം നൽകിയത്.പ്രശസ്ത നിരൂപകനും കക്കാട്ട് ഗവ.ഹൈസ്കൂൾ പ്രഥമാധ്യാപകനുമായ ഇ.പി.രാജഗോപാലൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് പി.രാജൻ അധ്യക്ഷത വഹിച്ചു. നഗരസഭാ കൗൺസിലർ സി.കെ. വത്സലൻ കുട്ടികൾക്ക് അവാർഡ് വിതരണം ചെയ്തു. പ്രഥമാധ്യാപകനും ദേശീയ അവാർഡ് ജേതാവുമായ കൊടക്കാട് നാരായണൻ കുട്ടികളെ പരിചയപ്പെടുത്തി.പ്രകാശൻ കരിവെള്ളൂർ, ശോഭന കൊഴുമ്മൽ പ്രസംഗിച്ചു.  ജില്ലാതല പുരസ്കാരം നേടിയ അഭിരാം, നീലിമ എന്നിവരെ അനുമോദിച്ചു. മൃദുല സ്കൂൾ ലൈബ്രറിയിലേക്ക്  പിറന്നാൾ പുസ്തകം നൽകി.മിഥുൻ രാജ്, ആദിത്യൻ, നീലിമ എന്നിവർ അധ്യാപക കഥകൾ അവതരിപ്പിച്ചു. സുനിമോൾ രചനയും കെ.വി.സൈജു സംഗീതവും നിർവഹിച്ച ഗുരു വന്ദനം ഗോപിക, ദേവിക,അഭിരാമി, അമേയ എന്നീ കുട്ടികൾ ആലപിച്ചു.

2016, സെപ്റ്റംബർ 4, ഞായറാഴ്‌ച

അരയി ഗവ.യു. പി.സ്കൂൾ ഒരുമയിലൂടെ മുന്നോട്ട്

ഇന്ന് അധ്യാപക ദിനം
"മരണത്തിന് അവധി നൽകരുത്. പകരം കൂടുതൽ സമയം പ്രവർത്തിക്കണം". മഹാനായ എ.പി.ജെ.അബ്ദുൾ കലാമിന്റെ വാക്കുകൾ നടപ്പിലാക്കുന്നത് ഒരു ദിവസമല്ല. ഒരു വർഷം മുഴുവനും! അധ്യാപകർ ഒരു കുടുംബത്തിലെ പോലെ സ്നേഹത്തോടെ യും ഒരുമയോടെയും കഴിയുന്ന വിദ്യാലയങ്ങൾക്കേ ഇത്തരം സ്വപ്നം കാണാനും യാഥാർഥ്യമാക്കാനും കഴിയൂ. അവഗണിക്കപ്പെട്ട അരയി ഗവ.യു.പി.സ്കൂളിനെ രണ്ടു വർഷം കൊണ്ട് സംസ്ഥാനത്തെ തന്നെ മികച്ച വിദ്യാലയമാക്കി മാറ്റിയതിനു പിന്നിൽ ഈ കൂട്ടായ്മയാണ്. അധ്യാപകരിലെ ഈ അപൂർവ കൂട്ടായ്മ രക്ഷിതാക്കളും നാട്ടുകാരും ഏറ്റെടുത്തു. "അരയി : ഒരുമയുടെ തിരുമധുരം " വിജയം കണ്ടു. നൂറിൽ താഴെ മാത്രം കുട്ടികളുണ്ടായിരുന്ന വിദ്യാലയത്തിലെ കുട്ടികളുടെ എണ്ണം രണ്ടു വർഷം കൊണ്ട് ഇരട്ടിയലധികമായി . കാഞ്ഞങ്ങാട് നഗരസഭ വരുന്ന അഞ്ചു വർഷം കൊണ്ട് വിദ്യാലയത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തും.
രാവിലെ 9 മണിക്ക് മണി മുഴങ്ങുമ്പോൾ തന്നെ അധ്യാപകരും കുട്ടികളും റെഡി. കുട്ടികളുടെ റേഡിയോ അരയി വാണിയോടെയാണ് തുടക്കം. കൊച്ചുവാർത്തകൾ, കുഞ്ഞിച്ചിറകുകൾ, കിളിമൊഴി ... എല്ലാ പരിപാടികളും നിശ്ചയിക്കുന്നതും അവതരിപ്പിക്കുന്നതും കുട്ടികൾ തന്നെ. അതിനായി ഒരു കുഞ്ഞു എഡിറ്റോറിയൽ ബോഡ് തന്നെയുണ്ട് അവർക്ക് .
എല്ലാ കാര്യത്തിലും ഒരുമയോടെ നീങ്ങുന്ന അധ്യാപകർക്കിടയിൽ ഒരു കാര്യത്തിൽ മാത്രം കടുത്ത മത്സരമുണ്ട്. അത് തങ്ങളുടെ ക്ലാസ് മുറിയിൽ ഏറ്റവും മികച്ച പഠനപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിലും നടപ്പിലാക്കുന്നതിലും മാത്രം.
ക്ലാസിൽ നടക്കുന്ന കാര്യങ്ങൾ തത്സമയം രക്ഷിതാക്കളെ അറിയിക്കാൻ രക്ഷിതാക്കളുടെ വാട്ട്സ് അപ് കൂട്ടായ്മയുമുണ്ട്. അധ്യാപകർക്ക് കുട്ടികളുടെ ഗൃഹപാഠങ്ങൾ മോണിറ്റർ ചെയ്യാനും  ഈ സ്മാർട്ട് ഫോൺ കൂട്ടായ്മയിലൂടെ കഴിയുന്നു.  മികച്ച പഠന നിലവാരത്തിനുള്ള സ്റ്റേറ്റ് എക്സലൻസി അവാർഡ്  കഴിഞ്ഞ വർഷം  ലഭിച്ചത് അരയി സ്കൂളിനായിരുന്നു.
പഠന പ്രവർത്തനങ്ങളിൽ വേറിട്ട മാതൃക സൃഷ്ടിച്ച അരയി ജൈവ കൃഷിയിലും നൂറുമേനി കൊയ്തു.കഴിഞ്ഞ വർഷം ജില്ലാതലത്തിൽ ഒന്നാം സ്ഥാനം വിദ്യാലയത്തെ തേടിയെത്തി. വിഷമില്ലാത്ത പച്ചക്കറികൾ കൊണ്ട് വിഭവസമൃദ്ധമായ ഉച്ചയൂണ് - അരയി നടപ്പിലാക്കുന്നത് ഇങ്ങനെയാണ്. വിദ്യാലയം സന്ദർശിച്ച നൂറിലേറെ പ്രഥമാധ്യാപകരും പിടിഎ ഭാരവാഹികളും ഉച്ചഭക്ഷണ മെനു കണ്ട് അന്തം വിട്ടു .ദിവസവും മൂന്നും നാലും കറികൾ.ആഴ്ചയിൽ ഒരു ദിവസം സ്പെഷൽ പായസം. പിറന്നാൾ സദ്യ വേറെയും. തറവാടുകളും രക്ഷിതാക്കളും വിദ്യാലയത്തിലേക്ക് നാടൻ വിഭവങ്ങൾ എത്തിക്കാൻ മത്സരത്തിലാണ്. പാചകത്തിനുമുണ്ട് അമ്മമാരുടെ കൂട്ടായ്മ.
തീർന്നില്ല അരയി വിശേഷം. ദിനാചരണങ്ങളും മേളകളും തുടങ്ങി വിദ്യാലയത്തിലെ എല്ലാ പരിപാടികളിലും ജനപങ്കാളിത്തം കാണാം. കഴിഞ്ഞ വർഷത്തെ ദേശീയ അധ്യാപക അവാർഡ് കൊടക്കാട് നാരായണൻ പ്രഥമാധ്യാപകനായി എത്തിയതോടെയാണ് അരയിയുടെ ശനിദശ മാറിയത്.മികച്ച പി.ടി.എ യ്ക്ക് ജില്ലാതലത്തിൽ ഒന്നാം സ്ഥാനം, സമഗ്ര വിദ്യാഭ്യാസ പദ്ധതിക്ക്  ജില്ലാതല പുരസ്കാരം, മികച്ച ബ്ലോഗിനുള്ള പുരസ്കാരം,സീഡ്, വണ്ടർലാന്റ് പുരസ്കാരം :.. അരയിയിലേക്ക് സമ്മാനങ്ങളുടെ പെരുമഴ തന്നെയായിരുന്നു. ശോഭനകൊഴുമ്മൽ, കെ.വനജ, പ്രകാശൻ കരിവെള്ളൂർ, കെ.വി.സൈജു, എ.വി.ഹേമാവതി, പി.ബിന്ദു, സിനി എബ്രഹാം, കെ.ശ്രീജ, ടി..ഷീബ, ടി.വി.സവിത, ടി.വി.രസ്ന എന്നിവരാണ് അധ്യാപകർ.കെ.അനിതയാണ് ഓഫീസ് അറ്റൻഡർ.പി.രാജൻ പി.ടി.എ. പ്രസിഡന്റ്, എസ്.സി.റഹ്മത്ത് മദർ പിടിഎ പ്രസിഡന്റ്.കെ.അമ്പാടി ചെയർമാനായി വികസന സമിതിയുമുണ്ട്.

അരയി ഗവ.യു. പി.സ്കൂൾ ഒരുമയിലൂടെ മുന്നോട്ട്

അധ്യാപകരെ ആദരിക്കാൻ അരയി സ്കൂളിൽ കളർ ചോക്ക്

അധ്യാപകരെ ആദരിക്കാൻ അരയി സ്കൂളിൽ കളർ ചോക്ക്
അറിവിന്റെ നിറ വെളിച്ചം പകർന്ന് തലമുറകളെ വിജ്ഞാനത്തിലേക്ക് കൈപിടിച്ചുയർത്തിയ അധ്യാപകരെ ആദരിക്കാൻ അരയി ഗവ.യു.പി.സ്കൂളിൽ "കളർ ചോക്ക് "പരിപാടി.
സെപ്തംബർ 5ന് അധ്യാപക ദിനത്തിൽ നടക്കുന്ന പരിപാടി പ്രശസ്ത നിരൂപകനും കക്കാട്ട് ഗവ.ഹൈസ്കൂൾ പ്രഥമാധ്യാപകനുമായ ഇ.പി..രാജഗോപാലൻ ഉദ്ഘാടനം ചെയ്യും. വെള്ളത്തിൽ വീണ കുട്ടിയെ കരയ്ക്ക്  എത്തിച്ച് കൃത്രിമ ശ്വാസോഛ്വാസം നൽകി ജീവൻ രക്ഷിച്ചതിലൂടെ  മനുഷ്യത്വത്തിന്റെ നല്ല പാഠം പകർന്ന അച്ചാംതുരുത്തി രാജാസ് എ യു പി.സ്കൂൾ വിദ്യാർഥികളായ ജിതിൻ ബാബു, അക്ഷയ്, ആകാശ് , ജില്ലാതലത്തിൽ ഒന്നാം സമ്മാനം നേടിയ അഭിരാം (തൈക്കോൺഡോ) നീലിമ(ചിത്രരചന) എന്നിവരെ അനുമോദിക്കും. ഗുരു സ്മൃതി, ഗുരു വന്ദനം പരിപാടിയുമുണ്ടായിരിക്കും.

2016, ഓഗസ്റ്റ് 26, വെള്ളിയാഴ്‌ച

പച്ചക്കറി വിളവെടുത്തു.

അരയി സ്കൂളിൽ പച്ചക്കറി വിളവെടുത്തു
നാടൻ വിഭവങ്ങളുപയോഗിച്ച് കുട്ടികൾക്ക്‌ പോഷക സമൃദ്ധമായ ഉച്ചഭക്ഷണം നൽകുന്നതിലൂടെ സംസ്ഥാനത്തു തന്നെ ശ്രദ്ധേമായ അരയി ഗവ.യു.പി.സ്കൂളിൽ വർഷകാല ജൈവ പച്ചക്കറി വിളവെടുപ്പ് നടത്തി.സ്കൂൾ ഫാർമേഴ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ മുപ്പതോളം കുട്ടി കർഷകരുടെ നേതൃത്വത്തിൽ ഗ്രോബാഗിൽ വെണ്ട, പയർ, വഴുതിന, നരമ്പൻ, കക്കിരി എന്നിവയാണ്   കൃഷി ചെയ്തത്.കഴിഞ്ഞ വർഷം  സ്കൂൾ പച്ചക്കറി കൃഷിക്കുള്ള ജില്ലാതല പുരസ്കാരം ലഭിച്ചിരുന്നു. കൃഷി വകുപ്പ് വിതരണം ചെയ്ത വിത്തുകൾ ഉപയോഗിച്ച് കുട്ടികൾ വീട്ടുമുറ്റത്തും പച്ചക്കറി കൃഷി ആരംഭിച്ചിട്ടുണ്ട്.

ഒന്നാം സ്ഥാനം


 ഹൊസ്ദുർഗ് ഉപജില്ലാ തല തൈക്കോൺഡ (25 കിലോഗ്രാമിനു താഴെ) മത്സരത്തിൽലും,ജില്ലാതല മത്സരത്തിലും ഒന്നാം സ്ഥാനം നേടിയ ഏഴാം തരം വിദ്യാർഥി അഭിരാം (ഗവ.യു.പി സ്കൂൾ അരയി)

ഉച്ചഭക്ഷണം വിഭവ സമൃദ്ധം

അരയി സ്കൂളിലേക്ക് പൂക്കാട്ടിൽ തറവാട്ടിൽ നിന്നും നാടൻ വിഭവങ്ങൾ
അരയി സ്കൂളിലെ ഉച്ചഭക്ഷണം വിഭവ സമൃദ്ധമാക്കാൻ പൂക്കാട്ടിൽ തറവാട്ടിൽ നിന്നും നാടൻ വിഭവങ്ങളെത്തി.കഴിഞ്ഞ മാസം മണക്കാട് തറവാട്  ഒന്നര ക്വിൻറലിലധികം മത്തൻ വിദ്യാലയത്തിലേക്ക് സൗജന്യമായി നൽകിയിരുന്നു.  തറവാട്ട് കളിയാട്ടത്തിനു സമാഹരിച്ച വിഭവങ്ങളിൽ മിച്ചം വന്ന മത്തനും കുമ്പളങ്ങയുമാണ് സ്കൂളിലെത്തിച്ചത്. നഗരസഭാ കൗൺസിലർ സി.കെ.വത്സലൻ, പി.ടി.എ പ്രസിഡന്റ് പി.രാജൻ, പി.ഭാസ്ക്കരൻ, രമേശൻ അരയി, പ്രഥമാധ്യാപകൻ കൊടക്കാട് നാരായണൻ, സ്കൂൾ ലീഡർ പി.മിഥുൻ രാജ് എന്നിവർ ഏറ്റു വാങ്ങി.

2016, ഓഗസ്റ്റ് 19, വെള്ളിയാഴ്‌ച

സമ്മാനം കൊണ്ട് യുറീക്കാ വായനശാല :

സമ്മാനം കൊണ്ട് യുറീക്കാ വായനശാല :
നീലിമ മോൾ മാതൃകയായി
സമ്മാനമായി ലഭിച്ച തുക കൊണ്ട് സ്വന്തം വിദ്യാലയത്തിൽ യുറീക്ക വായനശാല
തുറന്ന് അഞ്ചാം തരം വിദ്യാർഥിനി മാതൃകയായി. അരയി ഗവ.യു.പി.സ്കൂളിലെ നീലിമയാണ്
ജില്ലാതല ചിത്രരചനാ മത്സരത്തിൽ തനിക്ക് കിട്ടിയ ക്യാഷ് അവാർഡ് വിദ്യാലയത്തിലെ
ഒന്ന് തൊട്ട് ഏഴു വരെയുള്ള മുഴുവൻ കുട്ടികൾ ക്കും അറിവു പകരാനുള്ള വേറിട്ട
പദ്ധതിക്ക് വിനിയോഗിച്ചത്. കേരള ശാസ്ത സാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ നാലര
പതിറ്റാണ്ടായി മുടങ്ങാതെ പ്രസിദ്ധീകരിക്കുന്ന ഏഷ്യയിലെ തന്നെ ഏറ്റവും
പ്രചാരമുള്ള ബാലശാസ്ത്ര  മാസികയാണ് യുറീക്ക.സൂക്ഷ്മജീവികളെ കുറിച്ചുള്ള
പ്രത്യേക പതിപ്പുൾപ്പെടെ ഒരു വർഷം മുഴുവനും ക്ലാസുകളിൽ യുറീക്ക
എത്തിക്കുന്നതിനുള്ള വാർഷിക വരിസംഖ്യ  സ്കൂളിൽ നടന്ന ചടങ്ങിൽ ശാസത്രകേരളം
പത്രാധിപ സമിതിയംഗം പ്രൊഫ.എം.ഗോപാലൻ നീലിമയിൽ നിന്ന് ഏറ്റുവാങ്ങി.

2016, ഓഗസ്റ്റ് 13, ശനിയാഴ്‌ച

കനലോര്‍മ്മ...

കനലോര്‍മ്മ
 "മുത്തച്ഛാ ഞങ്ങളുണ്ട് കൂടെ " സമര ചരിത്രത്തിന് അരങ്ങൊരുക്കി അരയി
കത്തിയെരിയുന്ന വർത്തമാന ഭാരതത്തിന്റെ നെരിപ്പോടിനരികിലിരുന്ന്, ഗാന്ധിജിയുടെ ചിത്രത്തിൽ നോക്കി സ്വാതന്ത്ര്യ സമര സേനാനിയായ വൃദ്ധൻ വിലപിക്കുന്നു '
"മഹാത്മാവേ, അങ്ങിത് കാണുന്നില്ലേ? " വംശീയസംഘർഷങ്ങളും ഹൈടെക് കവർച്ചകളും കലാപങ്ങളും കൂട്ടക്കൊലകളും നിറഞ്ഞു നിൽക്കുന്ന ചാനൽ കാഴ്ചകളിൽ മനം നൊന്ത് ആ വൃദ്ധന്റെ മനസ്സ് ജാലിയൻ വാലാബാഗിന്റെ രുധിരസ്മൃതികളിലേക്ക് പടരുകയാണ്.
ഇന്ത്യാ ചരിത്രത്തിൽ ബ്രിട്ടീഷുകാർ നടത്തിയ ജാലിയൻ വാലാബാഗ് കൂട്ടക്കുരുതിക്ക് വർത്തമാനകാല സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് കുരുന്നു പ്രതിഭകൾ ദൃശ്യാഖ്യാനം ഒരുക്കിയത്.ചരിത്ര പുരുഷന്മാരായ ഗാന്ധിജി,സെയ്ഫുദ്ദീൻ കിച്ചുലു ,ഭഗത് സിംഗ്, എന്നിവർ കഥാപാത്രങ്ങളായി രംഗത്തെത്തി, ബ്രിട്ടീഷ് പോലിസ് മേധാവിയായ ജനറൽ ഡയറും. ജ്വലിക്കുന്ന സ്മൃതികൾക്കു നടുവിൽ പുതിയ കാലത്തെക്കുറിച്ചുള്ള ആധിയുമായി ഒറ്റപ്പെട്ടു പോകുന്ന വൃദ്ധനെ ഇളം തലമുറയുടെ പ്രതീകമായി ഒരു സംഘം വിദ്യാർഥികൾ സാന്ത്വനത്തിന്റെ സ്നേഹവചസ്സുകളുമായി പൊതിയുകയാണ്.
സ്കൂൾ അങ്കണത്തെ മുഴുവൻ വേദിയാക്കിക്കൊണ്ട് സ്കുളിലെ മുഴുവൻ വിദ്യാർഥികളെയും കഥാപാത്രങ്ങളായി അണിനിരത്തി ക്കൊണ്ട് ഓപ്പൺ തീയേറ്ററിന്റെയും സംഗീതശില്പത്തിന്റെയും ഘടനയിലാണ് നാടകത്തിന്റെ അവതരണം. സ്കൂൾ അധ്യാപകരായ ശോഭന കൊഴുമ്മൽ രചനയും കെ.വി.സൈജു സംവിധാനവും നിർവഹിച്ചു.സംഗീതം ലോഹിതാക്ഷൻ രാവണേശ്വരം. പ്രകാശൻ കരിവെള്ളൂർ സർഗാത്മക പിന്തുണയേകി. വസ്ത്രാലങ്കാരം ദേവൻ ബാലൻ.പി.മിഥുൻ രാജ്, കെ.ആദിത്യൻ, പി.കെ.സ്നേഹ മോൾ, കെ.സിദ്ധാർഥ്, പി.കെ. ആദിത്യൻ, കെ.ആദർശ്, ബി.കെ.ആഷിഖ്, പി.ആകാശ്, കെ.അർജുൻ, പി.പി.അഭിരാം, കെ.അഫ്സത്ത്, എ.കാശിനാഥ്, ധനഞ്ജയൻ, കെ.ആദിഷ്, കെ.വി.ശ്രീനന്ദ് എന്നിവരാണ് പ്രധാന വേഷങ്ങളിൽ.പ്രഥമാധ്യാപകൻ കൊടക്കാട് നാരായണൻ, അധ്യാപകരായ സിനി എബ്രഹാം, എ.സുധീഷ്ണ, പി.ബിന്ദു, എ.വി. ഹേമാവതി, കെ.വനജ ,ടി.വി.സവിത, ടി. ഷീബ, കെ.ശ്രീജ, ടി.വി.രസ്ന എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി അരയി ഗവ.യു.പി.സ്കൂൾ വിദ്യാർഥികൾ അവതരിപ്പിച്ച കനലോർമ്മ നാടകത്തിൽ നിന്ന്