Flash News

' അരയി ഗവ.യുപി സ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള കാഞ്ഞങ്ങാട് നഗരസഭയുടെ പദ്ധതിക്ക് തുടക്കമായി. നഗരസഭ ബജറ്റില്‍ അരയി ഗവ.യുപി സ്കൂള്‍, മേലാങ്കോട്ട് എ.സി.കണ്ണന്‍നായര്‍ ഗവ.യുപി സ്കൂള്‍ എന്നീ രണ്ട് വിദ്യാലയങ്ങളെയാണ് ഇന്‍റര്‍നാഷണല്‍ വിദ്യാലയങ്ങളായി ഉയര്‍ത്താന്‍ നിര്‍ദ്ദേശിച്ചത്. അരയിയുടെ മികവിന് പത്തരമാറ്റ് തിളക്കം...ചന്തേര ബി.ആര്‍.സിയില്‍ വച്ച് നടന്ന ജില്ലാതല മികവുത്സവത്തില്‍ അരയിക്ക് ഒന്നാം സ്ഥാനം... ഹോസ്ദുര്‍ഗ് ഉപജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയത്തിനുള്ള പുരസ്ക്കാരം നഗരസഭാചെയര്‍മാന്‍ വി.വി.രമേശന്‍ അരയി ഗവ.യു.പി.സ്ക്കൂളിന് സമ്മാനിച്ചു.. ശിശുസൗഹൃദവും പരിസ്ഥിതി സൗഹൃദവുമായ വിദ്യാലയ വികസനമാണ് അവാര്‍ഡിന് അര്‍ഹമാക്കിയത്... പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ ജീവന്‍ ബലിയര്‍പ്പിച്ച ധീരജവാന്‍ നിരഞ്ജന് പ്രണാമമര്‍പ്പിച്ച് സൗജന്യ നേത്ര പരിശോധനാ ക്യാമ്പ്. .

2015, ജനുവരി 29, വ്യാഴാഴ്‌ച

ആ സ്വപ്നം പൂവണിഞ്ഞു

ആ സ്വപ്നം പൂവണിഞ്ഞു
ഇരുപത് വര്‍ഷത്തെ പഴക്കമുണ്ട് ഈ സ്വപ്നത്തിന്.....കളിസ്ഥലം പോകട്ടെ ....നമ്മുടെ കുട്ടികള്‍ക്ക് ഒന്ന് ഓടിച്ചാടി കളിക്കാന്‍ പോലും ഇവിടെ സ്ഥലം ഉണ്ടായിരുന്നില്ല.കാഞ്ഞങ്ങാട് നഗരസഭ വര്‍ഷങ്ങളായി ഗ്രൗണ്ട് നിര്‍മ്മാണത്തിന് തുക നീക്കിവച്ചെങ്കിലും പല പ്രശ്നങ്ങള്‍കൊണ്ട് പണിതുടങ്ങാന്‍ പറ്റിയില്ല.പ്രശ്നം പരിഹരിക്കുന്നതിന് പല ശ്രമങ്ങള്‍ നടന്നെങ്കിലും ഫലം കണ്ടില്ല. കഴിഞ്ഞ ആറുമാസമായി സജീവമായി പ്രവര്‍ത്തിക്കുന്ന വികസന സമിതിയുടെയും അധ്യാപക രക്ഷാകര്‍തൃ സമിതിയുടെയും നഗരസഭാചെയര്‍പേര്‍സണ്‍,റവന്യു അധികൃതര്‍ എന്നിവരുടെയും സമുചിതമായ ഇടപെടല്‍ കൊണ്ടാണ് വര്‍ഷങ്ങള്‍ പഴക്കമുള്ള ഈ സ്വപ്നം യാഥാര്‍ഥ്യമായത്. നഗരസഭ ഒന്നര ലക്ഷം നീക്കിവച്ച പദ്ധതി നാട്ടുകാരുടെ സഹായത്തോടെയാണ് മെച്ചപ്പെട്ട രീതിയില്‍പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞത്. നിര്‍മ്മാണം പൂര്‍ത്തിയായതോടെ കളിസ്ഥലം സജിവമായി.സ്ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും നാട്ടിലെ മറ്റു കുട്ടികള്‍ക്കും യുവാക്ക
ള്‍ക്കും കളിസ്ഥലം സ്വന്തമായി.

മാന്ത്രിക വിസ്മയമായി ദേശീയപതാക

മാന്ത്രിക വിസ്മയമായി ദേശീയപതാക
കുട്ടികളുടെ മനം കവര്‍ന്ന് ബാലചന്ദ്രന്‍ കൊട്ടോടി.
 കടലാസു കഷണങ്ങള്‍ നിമിഷനേരംകൊണ്ട് വര്‍ണ്ണ പൂക്കളായി.ഇന്ദ്രജാലം കണ്ട് വിസ്മയം പൂണ്ട കുട്ടികള്‍ മുരളിനാദംകേട്ട് നിശ്ശബ്ധരായി.ഓടക്കുഴലില്‍ നിന്ന് പെയ്തിറങ്ങിയ വന്ദേമാതരത്തിന്റെ താളത്തിനൊത്ത് ദേശീയപതാകഉയര്‍ന്നു.
 റിപ്പബ്ലിക്ക് ദിനത്തില്‍ അരയി ഗവ.യു.പി.സ്ക്കൂളില്‍ ഒരുക്കിയ കളിക്കാം പഠിക്കാം പരിപാടിയിലാണ് ഇന്ദ്രജാലത്തിലൂടെ ,ഭാരതത്തിന്റെ പൈതൃകവും സംസ്ക്കാരവും അനാവരണം ചെയ്ത നിരവധി മാന്ത്രിക വിദ്യകള്‍ അരങ്ങേറിയത്.പ്രശസ്ത മാന്ത്രികന്‍ ബാലചന്ദ്രന്‍ കൊട്ടോടിയുടെ നേതൃത്വത്തില്‍ നടന്ന ദിനാചരണ പരിപാടി പ്രധാനധ്യാപകന്‍ കൊടക്കാട് നാരായണന്‍  ഉദ്ഘാടനം ചെയ്തു .പി.രാജന്‍ അദ്ധ്യക്ഷത വഹിച്ചു.കെ രജിത,കെ അമ്പാടി, പി.ഈശാനന്‍ എന്നിവര്‍ പ്രസംഗിച്ചു.കുട്ടികളുടെ ദേശഭക്തിഗാനവും പ്രസംഗ മത്സരവും നടന്നു.

മദ്യപാനം മാറ്റാന്‍ അരയിയില്‍ 'ശാസ്ത്ര സദ്യ'


            മദ്യപാനം മാറ്റാന്‍ അരയിയില്‍ 'ശാസ്ത്ര സദ്യ'
നാടിനെ നശിപ്പിക്കുന്ന മദ്യപാനം മാറ്റാന്‍ അരയിയില്‍'ശാസ്ത്രസദ്യ' ലളിതമായ ശാസ്ത്രത്തെ അല്പം നാടകീയത കലര്‍ത്തി അവതരിപ്പിച്ച് മദ്യത്തെ പച്ച വെള്ളമാക്കി മാറ്റിയ പരിപാടി വിദ്യാര്‍ഥികള്‍ക്കൊപ്പം മുതിര്‍ന്നവര്‍ക്കും കൗതുകമായി. അരയി ഗവ:യു.പി സ്കൂള്‍ അറിവുത്സവ കേന്ദ്രങ്ങളുടെ നേതൃത്വത്തില്‍ പാലക്കാല്‍ കോവിലകം, കണ്ടം കുട്ടിച്ചാല്‍ നവോദയ ഗ്രന്ഥാലയം എന്നിവിടങ്ങളില്‍ നടത്തിയ 'ശാസ്ത്രസദ്യ'യിലാണ് അത്ഭുതമായ ശാസ്ത്രസത്യങ്ങളുടെ ജാലകം തുറന്നത്.
അയഡിന്‍ ലായനിയും സോഡിയം തയോസള്‍ഫേറ്റും (ഹൈപ്പോ) ചേരുമ്പോള്‍ നിറം കെടുത്തുന്ന കേവല ശാസ്ത്ര തത്വത്തെ ഒരു മയാ ജാലക്കാരന്റെ കൈവഴക്കത്തോടെ അവതരിപ്പിച്ചു. മദ്യത്തെ വെള്ളമാക്കുന്ന സൂത്രം വിദ്യാര്‍ഥികള്‍ക്ക് 'ലഹരി' പകര്‍ന്നു.
പച്ച വെള്ളത്തില്‍ നിന്നു തീക്കത്തിക്കുന്ന ജാലവിദ്യയും കൗതുകമായി. കാല്‍സ്യം കാര്‍ബണേറ്റും വെള്ളവും ചേരുമ്പോള്‍ ഉല്പാദിപ്പിക്കുന്ന അസറ്റിലിന്‍ വാതകമാണ് തീക്കു പിന്നിലെ ശാസ്ത്രമെന്നത് കുട്ടികള്‍ക്ക് പുതിയ അറിവായി. വായു മര്‍ദ്ദത്തിന്റെയും അപകേന്ദ്രബലത്തിന്റെയും വിസ്മയ കാഴ്ചകളിലേക്ക് കണ്ണു തുറന്ന 'ശാസ്ത്രസദ്യ'യില്‍ കുട്ടികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന നിരവധി വിഭവങ്ങള്‍ അവതരിപ്പിച്ചു. ശാസ്ത്ര സാഹിത്യപരിഷത്ത് പ്രവര്‍ത്തകനായ ശശിധരന്‍ കൊയോങ്കരയും ഭാസ്കരന്‍ കൊയോങ്കരയുമാണ് സദ്യ തയ്യാറാക്കി വിളമ്പിയത്. പി.ടി.എ പ്രസിഡണ്ട് പി. രാജന്‍, വികസന സമിതി ചെയര്‍മാന്‍ കെ. അമ്പാടി എന്നിവര്‍ യഥാക്രമംകോവിലകം, കണ്ടംകുട്ടിച്ചാല്‍ എന്നിവിടങ്ങളില്‍ ഉദ്ഘാടനം ചെയ്തു. പ്രധാനധ്യാപകന്‍ കൊടക്കാട് നാരായണന്‍ അധ്യക്ഷതവഹിച്ചു.

2015, ജനുവരി 21, ബുധനാഴ്‌ച

യൂണിഫോം വിതരണം

യൂണിഫോം വിതരണം
2014-15 വര്‍ഷത്തേക്കുള്ള യൂണിഫോം വിതരണം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ടി.എം. സദാനന്ദന്‍ നിര്‍വ്വഹിച്ചു.

2015, ജനുവരി 20, ചൊവ്വാഴ്ച

റണ്‍ കേരള റണ്‍

റണ്‍ കേരള റണ്‍ കൂട്ടയോട്ടം..........ആബാലവൃദ്ധം അണിചേര്‍ന്നു........അരയി സ്ക്കൂള്‍ ശ്രദ്ധേയമായി.
കാഞ്ഞങ്ങാട് നഗരസഭാചെയര്‍ പേര്‍സണ്‍ കെ.ദിവ്യ ഫ്ലാഗ്ഓഫ് ചെയ്തു.ഹോസ്ദുര്‍ഗ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ടി.എം.സദാനന്ദന്‍മുഖ്യാതിഥിയായി
അരയി ,കണ്ടംകുട്ടിച്ചാല്‍,വട്ടത്തോട്,കാര്‍ത്തിക ഭാഗങ്ങളിലെ വിവിധക്ലബ്ബുകളിലെ പ്രവര്‍ത്തകര്‍, സംഘടനാ പ്രവര്‍ത്തകര്‍,വികസനസമിതി,പി.ടി.എ,മദര്‍ പി.ടി.എ,അറിവുത്സവ കേന്ദ്രങ്ങളിലെ പ്രവര്‍ത്തകര്‍ ,അധ്യാപകര്‍ കുടുംബശ്രി അംഗങ്ങള്‍,നാട്ടുകാര്‍ തുടങ്ങി ആബാലവൃദ്ധം ജനങ്ങളും കുട്ടികള്‍ക്കൊപ്പം കൂട്ടയോട്ടത്തില്‍ പങ്കെടുത്തു.
കൊടിക്കൂറകള്‍ കൈകളിലേന്തി  സ്ക്കൂളില്‍ നിന്നാരംഭിച്ച കൂട്ടയോട്ടം അരയിപ്പാലം കടന്ന് കൂളിയങ്കാല്‍ വഴി ആറങ്ങാടിയിലെത്തിയ ശേഷം തിരിച്ച് സ്ക്കൂളിലെത്തി.


2015, ജനുവരി 19, തിങ്കളാഴ്‌ച

ഒരുപിടി സാന്ത്വനം

ഒരുപിടി സാന്ത്വനം
ഗ്രാമത്തിലെ സാധാരണ ജനങ്ങളുടെ ആവശ്യങ്ങള്‍ക്കും ആവലാതികള്‍ക്കും കണ്ടറിഞ്ഞ് പരിഹാരം കാണുമ്പോഴാണ് വിദ്യാലയം ജനകീയമാകുന്നത്. അരയി ഗ്രാമത്തിലെ ജനങ്ങള്‍ നട്ടുനനച്ച് വളര്‍ത്തിയ വിദ്യാലയം. അവര്‍ക്കൊരു കൈത്താങ്ങായി മാറുമ്പോള്‍
വിദ്യാലയ വികസനത്തിനുള്ള ഈ ജനപക്ഷ സമീപനത്തിന്റെ ശക്തി കൂടും എന്ന കാര്യത്തില്‍ സംശയമില്ല. 'നമ്മുടെ നാട് നമ്മുടെ വിദ്യാലയം നമ്മുടെ മക്കളെ നമ്മുടെ നാട്ടില്‍ തന്നെ പഠിപ്പിക്കണം.പൊതു വിദ്യാലയങ്ങളെ രക്ഷിക്കാന്‍ ഈ ഒരു മാര്‍ഗമല്ലാതെ മറ്റു മറുമരുന്നില്ല. ആളുകള്‍ക്ക് എപ്പോഴും കയറി വരാന്‍ പറ്റുന്ന ഒരു സ്ഥാപനമായി അവരുടെ വിദ്യാലയം മാറണം ഈ ലക്ഷ്യത്തോടെ അരയി സ്കൂളിന്‍ ഒരു പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നു. ഒരു പിടി സാന്ത്വനം. മദര്‍ പി.ടി.എയും വനിതാ വേദിയും ചേര്‍ന്ന് ഒരു ക്ലീനിക് തുറന്നു.പുതിയ റേഷന്‍ കാര്‍ഡിനുള്ള അപേക്ഷ അവര്‍ പൂരിപ്പിച്ച് കൊടുത്തു. നേരത്തെ തന്നെ ആവശ്യമായ രേഖകളുടെ വിശദവിവരങ്ങള്‍ അടങ്ങിയ ഒരു കത്ത് കുടുംബശ്രീ വഴി എല്ലാവീട്ടിലും എത്തിച്ചു. ആവശ്യമായ വിവരങ്ങളുമായി വന്നതു കൊണ്ട് പൂരിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനം എളുപ്പമായി. സുമ കെ,രജിത കെ,സബിത, ഷീല,ബേബി രാഘവന്‍, സനിത,സൗമ്യ, അശ്വനി, സൗമിനി, ജയശ്രി,റോഷ്ന,റഹ്മത്ത്,ജയന്തി,സുഹിബത്ത്,റീന,ശാലിനി,സീമ എന്നിവര്‍ നേതൃത്വം നല്‍കി.കാഞ്ഞങ്ങാട് മുനിസിപാലിറ്റിയിലേക്കും മടിക്കൈ പഞ്ചായത്തിലേക്കും നൂറോളം കാര്‍ഡുടമകള്‍ ക്ലിനിക്കിലെത്തി.

സാഹിത്യസദ്യ

സാഹിത്യസദ്യ 


  കെ.എസ്. ടി.എ നിറവ് പരിപാടിയുടെ ഭാഗമായി യു.പി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി സാഹിത്യസദ്യ സംഘടിപ്പിച്ചു. കാഞ്ഞിരപ്പൊയില്‍ ഗവ: ഹൈസ്കൂള്‍ അധ്യാപകനായ കെ.വി രാജേഷിന്റെ നേതൃത്വത്തില്‍ മാതൃഭാഷയ്ക്കൊപ്പം രാഷ്ട്രഭാഷയും കോര്‍ത്തിണക്കി കൊണ്ട് നിരവധി പ്രവര്‍ത്തനങ്ങള്‍ ഒരുക്കി. കൂട്ടപ്പാട്ടും, ചിരിയും കളിയുമായി രണ്ടു മണിക്കൂര്‍ നേരം കുട്ടികളെ അറിവിന്റെ ഉത്സവക്കാഴ്ചകളിലേക്ക് നയിച്ച പരിപാടിയില്‍ എല്ലാകുട്ടികളും സജീവമായി തന്നെ പങ്കെടുത്തു.

വീണപൂവ്

വീണപൂവ്
നവോത്ഥാന കവിതകളുടെ ആശാന്‍ മഹാകവി കുമാരനാശാനെ അനുസ്മരിക്കാന്‍ വിദ്യാരംഗം കലാസാഹിത്യവേദി'വീണപൂവ്' ഒരുക്കി. ആശാന്‍ കൃതികളെ അനാവരണം ചെയ്ത ലഘുഭാഷണങ്ങളും ചൊല്‍ക്കാഴ്ചകളും കൊണ്ട് സമ്പന്നമായിരുന്നു പരിപാടി. സ്കൂള്‍ ലീഡര്‍ ഖദീജ. പി ഉദ്ഘാടനം ചെയ്തു. മിഥുന്‍ രാജ് അധ്യക്ഷത വഹിച്ചു. സ്നേഹ,അനുശ്രി,ആരബി,കൃപാകൃഷ്ണന്‍ കവിത ചൊല്ലി. വിജയകുമാരി ടീച്ചറും, വിദ്യയും, മഞ്ജുവും ചേര്‍ന്ന് ഒരുക്കിയ ചണ്ഡാലഭിഷുകി
ഹൃദ്യമായി. പ്രധാനധ്യാപകന്‍ കൊടക്കാട് നാരായണന്‍, വിനോദ് കുമാര്‍ മണിയറ വീട്ടില്‍,പ്രമോദ് കാടങ്കോട്,നിഖില ,അനുശ്രിപി.കെഹബീബ.ബിഎന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

2015, ജനുവരി 12, തിങ്കളാഴ്‌ച

ദേശീയയുവജനദിനം

ദേശീയയുവജനദിനം
സ്വാമി വിവേകാനന്ദന്റെ ജന്മദിനമായ ജനുവരി 12(ദേശീയയുവജനദിനം)അരയി ഗവ.യു.പി.സ്ക്കൂളില്‍ വിവിധങ്ങളായ പരിപാടികള്‍ ...3.30ന് അരംഭിച്ച യോഗത്തില്‍ കുമാരി വിദ്യ അധ്യക്ഷം വഹിച്ചു.പ്രധാനാധ്യാപകന്‍ കൊടക്കാട് നാരായണന്‍ പരിപാടി ഉദ്ഘാടനം ചെയ്തു.പി.ടി.എ  പ്രസിഡണ്ട് പി.രാജന്‍,പി.ഈശാനന്‍,ശോഭനാകൊഴുമ്മല്‍ എന്നിവര്‍ ആശംസാ പ്രസംഗം നടത്തി.വിദ്യാര്‍ത്ഥികളായ ആദര്‍ശ്,ജിത്തുരാജ്, അശ്വിന്‍ കൃഷ്ണന്‍ അനുശ്രി, അഭിന്‍,എന്നിവര്‍ സ്വാമി വിവേകാനന്ദന്റെ ജീവിതദര്‍ശനങ്ങള്‍,വിവേകാനന്ദ സൂക്തങ്ങള്‍ എന്നിവ അവതരിപ്പിച്ചു.
യോഗത്തില്‍ മജ്ഞു സ്വാഗതവും,ദേവിക നന്ദിയും രേഖപ്പെടുത്തി.തുടര്‍ന്ന് സ്ക്കൂളും പരിസരവും റോഡും വൃത്തിയാക്കി. അധ്യാപകരും കുട്ടികളും രക്ഷിതാക്കളും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു.

2015, ജനുവരി 11, ഞായറാഴ്‌ച

സ്ക്കൂള്‍ പച്ചക്കറിത്തോട്ടത്തില്‍ പന്തലൊരുക്കാന്‍ അയ്യപ്പ സ്വാമിമാര്‍

സ്ക്കൂള്‍ പച്ചക്കറിത്തോട്ടത്തില്‍ പന്തലൊരുക്കാന്‍ അയ്യപ്പ സ്വാമിമാര്‍
സ്ക്കൂള്‍ ഹരിതസേനയുടെ നേതൃത്വത്തിലുള്ള പച്ചക്കറി തോട്ടത്തില്‍ പന്തലൊരുക്കാന്‍ അയ്യപ്പ സ്വാമിമാരും.കണ്ടംകുട്ടിച്ചാലിലുള്ള 25 സെന്റ് പാടത്ത് കുട്ടികള്‍ ഒരുക്കിയ പയര്‍,കയ്പ,നരമ്പന്‍,പടവലം എന്നിവയ്ക്ക്  ചൂടി പിരിച്ച് പന്തല്‍ കെട്ടുന്ന ജോലിയാണ് അയ്യപ്പ ഭക്തരായ യുവാക്കള്‍ പ്രധാനാധ്യാപകനായ കൊടക്കാട് നാരായണന്റെ നേതൃത്വത്തില്‍  നടത്തിയത്.

2015, ജനുവരി 10, ശനിയാഴ്‌ച

റണ്‍ കേരള റണ്‍

റണ്‍ കേരള റണ്‍  ജനുവരി 20...കേരളം ഓടുന്നു...ശാന്തിക്കായി.....ഒരുമയ്ക്കായി...ദേശത്തിനായി...ദേശീയഗയിംസിനായി....കൂടെ ഞങ്ങളും... അരയി ഗവ.യു.പി.സ്ക്കൂള്‍ റണ്‍ കേരള റണ്‍ കൂട്ടയോട്ടം  ജനുവരി 20 രാവിലെ,സംഘാടകസമിതി രൂപീകരണം ജനുവരി12തിങ്കള്‍ വൈകിട്ട് 5മണിക്ക്.   
'''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
  കഴിഞ്ഞ ആറുമാസകാലത്തെ നാട്ടുകാരുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും പരിശ്രമ ഫലമായി നമ്മുടെ വിദ്യാലയം വികസനത്തിന്റെ പാതയിലാണ്. ബഹു:എം.പി,എം.എല്‍.,നഗരസഭ,എസ്.എസ്., വിദ്യാഭ്യാസ വകുപ്പ് എന്നിവരോടൊപ്പം നാട്ടുകാരുടെയും സാമ്പത്തിക സഹായത്തോടെ ഭൗതിക സാഹചര്യങ്ങള്‍
വര്‍ധിപ്പിക്കുന്നതോടൊപ്പം അക്കാദമിക പ്രവര്‍ത്തനങ്ങളിലും നൂറുമേനി വിളയിക്കാനുള്ള ഒരുക്കത്തിലാണു നാം. കുട്ടികളുടെ ഇംഗ്ലീഷ് പഠനം മെച്ചപ്പെടുത്താന്‍ കേരള ഗവ:ഇംഗ്ലീഷ് ഇന്‍സ്റ്റ്യുട്ടിന്റ
കീഴിലുളള ലാബ് സ്ക്കൂളായി നമ്മുടെ വിദ്യാലയത്തെ തിരഞ്ഞെടുത്തിരിക്കുന്നു. ജനുവരി,ഫെബ്രുവരി,മാര്‍ച്ച് മാസങ്ങളില്‍ എല്ലാശനിയാഴ്ചയും ഏപ്രില്‍ മെയ് മാസങ്ങളില്‍ രണ്ടാഴ്ചകാലവും കുട്ടികള്‍ക്ക് ഇംഗ്ലീഷ് ക്യാമ്പ് നടത്താന്‍ ഇന്‍സ്റ്റ്യുട്ട് തീരുമാനിച്ചിരിക്കുകയാണ്. കാസര്‍ഗോഡ് ജില്ലയിലെ മറ്റൊരു സ്ക്കൂളിനും ലഭിക്കാത്ത അസുലഭ അവസരമാണിത്. ഈ നാട്ടിലെ മുഴുവന്‍ കുട്ടികളേയും ഈ വിദ്യാലയത്തില്‍ ചേര്‍ത്തുകൊണ്ട് കുട്ടികള്‍ക്ക് ഇംഗ്ലീഷ് മീഡിയം വിദ്യാലയത്തില്‍ പോലും കിട്ടാത്ത പരിശീലനം തികച്ചും സൗജന്യമായി ലഭിക്കുന്നതിന് നേരത്തെ തന്നെ സ്ക്കൂളില്‍ പ്രവേശനം ഉറപ്പു വരുത്തുക .
ദേശീയ കായികമേളയുടെ പ്രചരണാര്‍ത്ഥം കേരള ഗവണ്‍മെന്റ് നടപ്പിലാക്കുന്ന കൂട്ടയോട്ടം-റണ്‍ കേരള റണ്ണിന്റെ ഒരു കേന്ദ്രം അരയിയാണ്. ജനുവരി 20തിനാണ് കൂട്ടയോട്ടം. ഈ നാട്ടിലെ ആബാലവൃദ്ധം ജനങ്ങളേയും വിവിധ പ്രസ്ഥാനങ്ങളുടെ ബാനറില്‍ അതില്‍ അണിനിരത്താന്‍ കഴിയണം. മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ വിജയിപ്പിക്കുന്നതിനും സംഘാടകസമിതി രൂപീകരിക്കുന്നതിനും ഒരു യോഗം 2015ജനുവരി12ന് ചേരുന്നതാണ്.

2015, ജനുവരി 9, വെള്ളിയാഴ്‌ച

അരയിക്ക് തിരുമധുരം പകര്‍ന്ന് നബിദിനറാലി.

അരയിക്ക് തിരുമധുരം പകര്‍ന്ന് നബിദിനറാലി.അരയിക്ക് തിരുമധുരം പകര്‍ന്ന്മുസ്ലിം ജമാഅത്ത്-നൂറുല്‍ ഇസ്ലാം മദ്രസ കമ്മറ്റി ഒരുക്കിയ നബിദിനറാലിയെ വരവേല്‍ക്കാന്‍ ജാതിമതഭേദം മറന്ന് അരയി കൂട്ടായ്മ ഒരുക്കിയ സ്വീകരണചടങ്ങ് ശ്രദ്ധേയമായി.പള്ളി അങ്കണത്തില്‍ നിന്ന് പുറപ്പെട്ട് സ്ക്കൂള്‍ പരിസരത്തെത്തിയ റാലിയെ സ്ക്കൂള്‍ കുട്ടികളും, അയ്യപ്പഭക്തന്‍മാരുമടക്കം നൂറുക്കണക്കിന് ആളുകള്‍ചേര്‍ന്ന് സ്വീകരിച്ചു.വനിതാവേദി നാടന്‍ചുക്കുകാപ്പി വിതരണംചെയ്തു.പ്രധാനാധ്യാപകന്‍ കൊടക്കാട് നാരായണന്‍ പരേഡിന് സല്യൂട്ട് സ്വീകരിച്ചു.ജമാഅത്ത് പ്രസിഡണ്ട്ബി.കെ. യൂസഫ് ഹാജി, സെക്രട്ടറി  ജലീല്‍ കാര്‍ത്തിക,അഷറഫ് ഫൈസി,പി രാജന്‍,കെഅമ്പാടി,പ്രജീഷ്. കെ, രജിത .കെ എന്നിവര്‍ നേതൃത്വം നല്‍കി.

MY HOUSE

'MY HOUSE'
The students of G U P S Arayi created history by publishing a book named 'MY HOUSE' in one day.Each student of the school participated in this venture by drawing and writing about his/her own house.

2015, ജനുവരി 7, ബുധനാഴ്‌ച

എന്‍.എന്‍ കക്കാട് അനുസ്മരണം

 സഫലമീയാത്ര
"ആദ്രമീ ധനുമാസ രാവുകളിലൊന്നില്‍ 
ആതിരവരുംപോകുമല്ലെ സഖീ
ഞാനീ ജനലഴി പിടിച്ചൊട്ടു നില്‍ക്കട്ടെ
നീയെന്നണിയത്തു തന്നെ നില്‍ക്കൂ
ഈ പഴങ്കൂടൊരുചുമയ്ക്കടിയിടറി വീഴാം"
കാവ്യലോകത്തെ കുലപതി എന്‍.എന്‍.കക്കാടിനെ അനുസ്മരിച്ച് സഫലമീയാത്ര. പ്രമോദ് കാടങ്കോടിന്റെ കാവ്യലാപനത്തോടെ തുടക്കം. പ്രധാനധ്യാപകന്‍ കൊടക്കാട് നാരായണന്‍ അനുസ്മരണ ഭാഷണം നടത്തി. റോഷ്ന അധ്യക്ഷത വഹിച്ചു. അഫ്സല്‍, അനുശ്രി,കൃപാകൃഷ്ണന്‍,ആരബി, നിഖില,അനുശ്രി പി.കെ,ഹബീബ,ഹസ്ന, എന്നിവര്‍ കവിതകള്‍ ആലപിച്ചു. പി.ഈശാനന്‍,വി.കെ സുരേഷ് ബാബു,സിനി എബ്രഹാം, ആശംസകള്‍ നേര്‍ന്നു.

2015, ജനുവരി 2, വെള്ളിയാഴ്‌ച

നവവത്സരാശംസകള്‍

നവവത്സരാശംസകള്‍
പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ അരയി ഗവ.യു.പി.സ്ക്കൂളില്‍ വിവിധങ്ങളായ പരിപാടികള്‍ .....നഗരസഭാ ചെയര്‍പേര്‍സണ്‍ കെ ദിവ്യ ,നഗരസഭാകൗണ്‍സിലര്‍ വത്സലന്‍,പ്രധാനാധ്യാപകന്‍ കൊടക്കാട് നാരായണന്‍, വികസനസമിതി ചെയര്‍മാന്‍ കെ.അമ്പാടി,അധ്യാപകര്‍,മദര്‍ പി.ടി.എ.അംഗങ്ങള്‍  എന്നിവര്‍ കേക്ക് വിതരണം ചെയ്തു.
സ്ക്കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കുമുള്ള കേക്ക് സ്പോണ്‍സര്‍ ചെയ്തത്  വിജയകുമാരി ടീച്ചര്‍ ആണ്.സ്ക്കൂള്‍ ഹരിതസേനയും വനിതാവേദിയും സ്വന്തം കൃഷിയിടത്തില്‍ കൃഷിചെയ്ത വിഭവങ്ങള്‍ ഉപയോഗിച്ച് ഉച്ചയ്ക്ക് വിഭവസമൃദ്ധമായ സദ്യ ഒരുക്കി.....123കുട്ടികളും തയ്യാറാക്കിയ ആശംസാകാര്‍ഡുകള്‍ സമൂഹത്തിലെ വിവിധരംഗത്തു പ്രവര്‍ത്തിക്കുന്ന പ്രശസ്ത വ്യക്തികള്‍ക്ക് അയച്ചു.

അരയിസ്ക്കൂളില്‍ വിഷമില്ലാത്ത പച്ചക്കറികൊണ്ട് സദ്യ.

അരയിസ്ക്കൂളില്‍ വിഷമില്ലാത്ത പച്ചക്കറികൊണ്ട് സദ്യ.
സ്ക്കൂളിനടുത്ത പാടത്തില്‍ വിദ്യാര്‍ത്ഥികളുടെയും മദര്‍ പി.ടി.എ.യുടെയും വനിതാവേദിയുടെയും അധ്വാനത്തില്‍ വിളഞ്ഞ വിഷമില്ലാത്ത പച്ചക്കറികൊണ്ട് അരയിസ്ക്കൂളില്‍ വിഭവസമൃദ്ധമായ പുതുവര്‍ഷസദ്യ.സ്ക്കൂള്‍ ഹരിതസേനയുടെ ആഭിമുഖ്യത്തില്‍ കണ്ടംകുട്ടിച്ചാല്‍ പാടത്തിലെ ഇരുപത് സെന്റ് സ്ഥലത്താണ് കുട്ടികള്‍ പഠനത്തോടൊപ്പം ജൈവകൃഷിയും നടത്തി വിജയം കൊയ്യുന്നത്.
ചീര,വെണ്ട,വഴുതിന,പച്ചമുളക്,തക്കാളി,വെള്ളരി,മത്തന്‍,കുമ്പളം,നരമ്പന്‍,പടവലം,കയ്പ തുടങ്ങിയ ഇരുപതോളം ഇനങ്ങളാണ് കുരുന്നുകളുടെ പച്ചക്കറിപാടത്ത് സമൃദ്ധിയോടെ വളരുന്നത്.സ്ക്കൂള്‍ മുറ്റത്തും കുട്ടികളുടെ വീട്ടുമുറ്റത്തും ഉച്ചഭക്ഷണപ്പുരയുടെ മട്ടുപ്പാവിലും ഒരുക്കിയ പച്ചക്കറിയുടെ വിളവെടുപ്പിന് ശേഷം നാലാംഘട്ടമായാണ് വയലില്‍ പച്ചക്കറികൃഷി ആരംഭിച്ചത്.
സ്ക്കൂള്‍ അധ്യാപകരക്ഷാകര്‍തൃസമിതിയുടെ  നേതൃത്വത്തില്‍ തയ്യാറാക്കിയ സദ്യക്കുള്ള പച്ചക്കറി കുട്ടികള്‍ സ്വന്തം കൃഷിയിടത്തില്‍നിന്ന് തന്നെ ശേഖരിച്ചു.നഗരസഭാചെയര്‍പേര്‍സണ്‍ കെ.ദിവ്യ വിളവെടുപ്പ് ഉത്സവം ഉദ്ഘാടനംചെയ്തു.നഗരസഭാ കൗണ്‍സിലര്‍ സി.കെ.വത്സലന്‍ ,കാഞ്ഞങ്ങാട് കൃഷിഭവന്‍ ഫീല്‍ഡ് ഓഫീസര്‍  പി.കെ. പ്രേമലത,കെ അമ്പാടി,കെ രജിത,കെ.സുമ, സ്ക്കൂള്‍ പ്രധാനാധ്യാപകന്‍ കൊടക്കാട് നാരായണന്‍,ദേവദാസ്,വിദ്യാര്‍ത്ഥികളായ നിഖില, ആദര്‍ശ് എന്നിവര്‍ പ്രസംഗിച്ചു.

2015, ജനുവരി 1, വ്യാഴാഴ്‌ച

മണ്ണിനെ മാറോട്ചേര്‍ത്ത്

മണ്ണിനെ മാറോട്ചേര്‍ത്ത്
അന്താരാഷ്ട്ര മണ്ണുവര്‍ഷത്തെ വരവേറ്റ് അരയി ഗവ.യു.പി.സ്ക്കൂള്‍ വിദ്യാര്‍ത്ഥികളുടെ പുതുവത്സരാഘോഷം.മണ്ണിനെ സ്നേഹിക്കാനും,സംരക്ഷിക്കാനും ആവശ്യപ്പെട്ട് 2015അന്താരാഷ്ട്ര മണ്ണുവര്‍ഷമായി ആചരിക്കുന്നതിന്റെ ഭാഗമായാണ് കുട്ടികള്‍ മണ്ണു സംരക്ഷണ പ്രതിഞ്ജയെടുത്തത്.
ആരോഗ്യമുള്ള ജീവിതത്തിന് ആരോഗ്യമുള്ള മണ്ണ് എന്ന സന്ദേശം പ്രചരിപ്പിച്ച കുട്ടികള്‍ മണ്ണിനേയും വിണ്ണിനേയും കണ്ണ്പോലെ കാക്കുമെന്ന് പ്രതിഞ്ജചെയ്തു
തുടര്‍ന്ന് പ്രധാനാധ്യാപകന്‍ ഓരോക്ലാസിനും മണ്ണുവര്‍ഷത്തിന്റെ പ്രാധാന്യം ആലേഖനംചെയ്ത ആശംസാകാര്‍ഡുകള്‍ സമ്മാനിച്ചു.പുതുവര്‍ഷാശംസകള്‍നേര്‍ന്നു.